തയ്യാറാക്കിയത് : കെ.പി അപ്പനുമാസ്റ്റര്‍
കേരളം വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടത്തിന് പിന്നില്‍ സുദീര്‍ഘമായ
ഒരു മുന്നേറ്റത്തിന്റെ ചരിത്രമുണ്ട്. ക്രിസ്റ്റ്യന്‍ മിഷനറിമാരുടെ
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, രാജ ഭരണകാലത്തെ പ്രോത്സാഹനങ്ങള്‍,
സാമൂഹ്യപരിഷ്കര്‍ത്താക്കളുടേയും ജനകീയ പ്രസ്ഥാനങ്ങളുടേയും ശ്രമങ്ങള്‍
പുരോഗമന ഭരണങ്ങള്‍ നടത്തിയ നിയമനിര്‍മ്മാണങ്ങള്‍ ഇവയെല്ലാം ഈ
മുന്നേറ്റങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും ഇതേ പോലെ ചരിത്രമുണ്ട്. സ്വാതന്ത്രാനന്തരം മൗലാന അബ്ദുള്‍കലാം ആസാദ് വിദ്യാഭ്യാസമന്ത്രിയായിരിക്കെ വികസന ബ്ലോക്കുകള്‍ വഴി ജനാധിപത്യ മൂല്യങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തു കൊണ്ട് സാമൂഹ്യ വിദ്യാഭ്യാസ പരിപാടി നടപ്പാക്കിയിരുന്നു. 1952 ഒക്ടോബര്‍ 2ന് ആരംഭിച്ച ഈ പരിപാടിയില്‍ ബ്ലോക്ക് തലത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സോഷ്യല്‍ എജുക്കേഷന്‍ ഓര്‍ഗനൈസര്‍മാരും ജില്ലാ സംസ്ഥാന തലങ്ങളില്‍ സോഷ്യല്‍ എജുക്കേഷന്‍ ഓഫീര്‍മാരും ഉണ്ടായിരുന്നു. മഹിളാസമാജങ്ങള്‍, യുവജന സാസ്ക്കാരിക സംഘങ്ങള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍, എന്നിവ സ്ഥാപിക്കാനും പത്രപാരായണം, ചര്‍ച്ചാ ക്ലാസ്സുകള്‍, എന്നിവ സംഘടിപ്പിക്കാനും സാക്ഷരതാ പ്രവര്‍ത്തനം നടത്താനും അന്ന് ശ്രമിച്ചു. സാമൂഹ്യവിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിച്ചത് ഒരു പൂര്‍ണ്ണ മനുഷ്യനെ വാര്‍ത്തെടുക്കുന്നതിനുള്ള വിദ്യാഭ്യാസം തന്നെയായിരുന്നു.
"അതവന് അക്ഷരജ്ഞാനം നല്‍കും- അതിലെ
അവന് ലോകവിജ്ഞാനം കരഗതമാകും.
അതവനെ തന്റെ പരിസരവുമായി ഇണങ്ങുന്നതിന്
പഠിപ്പിക്കും- അങ്ങനെ സാഹചര്യങ്ങളെ അവന്‍
പരമാവധി പ്രയോജനപ്പെടുത്തും.
അതവനെ മെച്ചപ്പെട്ട കരകൗശലങ്ങളും
ഉല്പാദനമാര്‍ഗ്ഗങ്ങളും അഭ്യസിപ്പിക്കും.
അങ്ങനെ അവന്റെ ധനസ്ഥിതി ഉയരും.
അതവനെ ആരോഗ്യപരിപാലനമാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കും.
അങ്ങന അവന്റെ ജീവിതം ആരോഗ്യമുള്ളതും ശ്രേയസ്കരവുമാകും.
ഈ വിദ്യാഭ്യാസം അവന് ലോകകാര്യങ്ങളെ പറ്റി ഉള്‍ക്കാഴ്ച നല്‍കും.
തീരുമാനങ്ങളഎടുക്കുന്നതിന് പ്രാപ്തി ഉണ്ടാകും".
ഇന്നും ഇവയൊക്കെ തുടര്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍ തന്നെ. 1968 ല്‍ ആരംഭിച്ച ഗ്രാമീണ കര്‍ഷക പ്രവര്‍ത്തനോന്മുഖ സാക്ഷരതാ പരിപാടി (RFLP)വികസന വകുപ്പ് മുഖേന കൃഷിയുമായി ബന്ധപ്പെട്ട സാക്ഷരതയാണ് നല്‍കിയത്. തെരഞ്ഞെടുക്കപ്പെട്ട 144 ജില്ലകളില്‍ നടപ്പാക്കിയ ഈ പദ്ധതി കേരളത്തില്‍ തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളിലായിരുന്നു നടന്നിരുന്നത്. 1974 ല്‍ കേന്ദ്ര വിദ്യാഭ്യാസ ഉപദേശക ബോഡിന്റെ തീരുമാനമനുസരിച്ച് ഇത് കുറേ കൂടി വിപുലമായ മേഖലകളിലേക്ക് വ്യാപിച്ച അനൗപചാരിക വിദ്യാഭ്യാസ പരിപാടിയായി മാറി. മത്സ്യത്തൊഴിലാളികള്‍ക്കും, കര്‍ഷകതൊഴിലാളികള്‍ക്കും, മറ്റ് കൂലിവേലക്കാര്‍ക്കും, വീട്ടമ്മമാര്‍ക്കും, പട്ടികജാതി പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കും സ്കൂളില്‍നിന്ന് കൊഴിഞ്ഞുപോയവര്‍ക്കും മറ്റ് സാമൂഹ്യമായി പിന്നോക്കംനില്‍ക്കുന്നവര്‍ക്കുമെല്ലാം പ്രയോജനപ്പടുന്ന രീതിയില്‍ FUNCTIONAL LIBRARY PROGRAMME അഥവാ പ്രത്ത്യുന്മുഖ സാക്ഷരതാ പരിപാടി ആയി. ഇന്ത്യയിലെ 66 ജില്ലകളില്‍ ഈ പരിപാടി നടപ്പാക്കിയപ്പോള്‍ കേരളത്തില്‍ പാലക്കാട് ജില്ലയായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്.
1978 ഒക്ടോബര്‍ 2 ന് ആരംഭിച്ച മറ്റൊരു ബൃഹത്തായ സാക്ഷരതാ പദ്ധതിയായിരുന്നു ദേശീയ വയോജന വിദ്യഭ്യാസ പരിപാടി.15 നും 35നും മദ്ധ്യേ പ്രായമുള്ള 10 കോടി യുവാക്കളെ 5 വര്‍ഷത്തിനകം സാക്ഷരരാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയും സന്നദ്ധ സംഘടനകളെയും ചുമതലപ്പെടുത്തി. സാക്ഷരത, പ്രത്ത്യുന്മുഖത, ബോധവല്‍ക്കരണം ഇവ ലക്ഷ്യംവെച്ച പദ്ധതിക്ക് ബജറ്റില്‍ 600 കോടി രൂപയായിരുന്നു നീക്കി വെച്ചിരുന്നത്. ജില്ലകള്‍തോറും വയോജനവിദ്യാഭ്യാസ ഓഫീസറും സംസ്ഥാനങ്ങളില്‍ വയോജന വിദ്യാഭ്യാസ വകുപ്പും STATE RESOURCE CENTRE കളും സ്ഥാപിച്ചുകൊണ്ട് വിദ്യാഭ്യാസ വികസനവകുപ്പുകള്‍, നെഹറുയുവ കേന്ദ്രങ്ങള്‍, യൂണിവേഴ്സിറ്റികള്‍, സന്നദ്ധസംഘടനകള്‍, എന്നിവവഴി ശക്തമായ പ്രവര്‍ത്തനങ്ങളില്‍ ആരംഭിച്ചു.
ഈ പദ്ധതികളെല്ലാം ലക്ഷ്യം കൈവരിക്കുന്നതില്‍ ഏറെ മുമ്പോട്ടുപോയില്ല എന്നതാണുഭവം. പ്രാദേശികമായി ചില യുവജന സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങളും, ഗ്രന്ഥശാലാ സംഘവും, കാന്‍ഫെഡ്, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നീ പ്രസ്ഥാനങ്ങള്‍ അനൗപചാരിക വിദ്യാഭ്യാസ രംഗത്ത് നല്‍കിയ സേവനങ്ങളും എടുത്തു പറയേണ്ടതാണ്.
1989 ലാണ് കോട്ടയം പട്ടണം ആദ്യത്തെ സമ്പൂര്‍ണ്ണ സാക്ഷര നഗരമായിമാറിയത്. 1989 ജനുവരി 26 ന് ആരംഭിച്ച എറണാകുളം ജില്ലാ സമ്പൂര്‍ണ്ണ സാക്ഷരതാ പരിപാടിയിരുന്നു ജനകീയ കൂട്ടായ്മ ഉണ്ടാക്കിഎടുക്കാന്‍ സാധിച്ചാല്‍ അസാധ്യമായി ഒന്നുമില്ല എന്ന് തെളിയിച്ചത്. ശാസ്ത്ര സാഹിത്യ പരിഷത്ത് ഏറ്റെടുത്ത പ്രസ്തുത പ്രൊജക്ടിന്റെ വിജയമാണ് ലോകത്തിനുമുമ്പില്‍ ഒരു കേരളാ മോഡല്‍ സൃഷ്ടിക്കുന്നതില്‍ വിജയിച്ച 'അക്ഷരകേരളം' സമ്പൂര്‍ണ്ണസാക്ഷരതയജ്ഞ പദ്ധതി ഏറ്റെടുക്കാന്‍ ആത്മവിശ്വാസം നല്‍കിയത്.
1990 ജനുവരി 26ന് ആരംഭിച്ച പദ്ധതി 1991 ഏപ്രില്‍ 18ന് കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ വെച്ച് നവസാക്ഷരയായ ചേലക്കോടന്‍ ആയിഷ കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടി എന്ന് പ്രഖ്യാപിക്കുന്നത് വരെ കേരളജനത ഒറ്റക്കെട്ടായി നടപ്പാക്കിയ ഒരു വിപ്ലവമായിരുന്നു. തുടര്‍ന്ന് 1992 ല്‍ സാക്ഷരതാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുവെങ്കിലും 1998 ഒക്ടോബര്‍ 2 നാണ് ഇന്നത്തെ രൂപത്തിലുള്ളതുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ദേശീയ സാക്ഷരതാമിഷന്റെ ഭാഗമായി കേരളത്തില്‍ രൂപീകരിക്കപ്പെട്ട സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയാണ് ഇപ്പോള്‍ തുടര്‍ വിദ്യാഭ്യാസ പരിപാടിയുടെ ചുക്കാന്‍ പിടിക്കുന്നത്.
തുടര്‍ വിദ്യാഭ്യാസ പരിപാടികള്‍ സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ച എന്ന നിലക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിലാണിന്ന്. ഈ ചുമതല ഭംഗിയായി നിര്‍വ്വഹിക്കാന്‍ അവരെ സഹായിക്കുന്ന രൂപത്തിലാണ് സാക്ഷരതാമിഷന്റെ പ്രവര്‍ത്തനം നടന്നുവരുന്നത്. കേരളത്തില്‍ നടപ്പിലാക്കി വരുന്നത് ജനകീയാസൂത്രണവും സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞം വിജയിപ്പിച്ച പശ്ചാത്തലവും തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ സാഹചര്യങ്ങളാണ്.
തുടര്‍വിദ്യാഭ്യാസ പരിപാടി വിപുലമായ സാധ്യതകളുള്ള ഒരു മാനവ വികസന പരിപാടിയായാണ് (HUMAN DEVELOPMENT PROGRAMME)നടപ്പിലാക്കേണ്ടത്. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും തങ്ങളുടെ അറിവും കഴിവും പങ്കാളിത്തവും തുടര്‍ച്ചയായി വികസിപ്പിക്കാന്‍ സഹായകമായ വിദ്യാഭ്യാസ സംവിധാനം എന്ന നിലയിലാണ് കാണേണ്ടത്. ഒരു പഠനോന്മുഖ സമൂഹത്തെ സൃഷ്ടിക്കാന്‍ അതുകൊണ്ട് കഴിയണം. പുതിയ അറിവുകള്‍ ആര്‍ജ്ജിക്കാനും നേടിയ കഴിവുകള്‍ വികസിപ്പിക്കുവാനും അത് സഹായിക്കണം. ശരിയായ ജീവിത വീക്ഷണം വളര്‍ത്താനുള്ള ശാസ്ത്രബോധം ഇത് പ്രദാനം ചെയ്യണം.
വിവര വിജ്ഞാന വിസ്ഫോടനത്തിന്റേതായ ഈ കാലഘട്ടത്തില്‍ നിശ്ചിതകാലം നീണ്ടുനില്‍ക്കുന്ന ഔപചാരിക വിദ്യാഭ്യാസംകൊണ്ട് മാത്രം അതെത്ര തന്നെ മികച്ചതായിരുന്നാലും കാലഘട്ടം ഉയര്‍ത്തുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ ഫലപ്രദമായി സാധിക്കില്ല. അതുകൊണ്ട് ഒരു നവീന കേരളത്തിന്റെ സൃഷ്ടിക്ക് സഹായമാകും വിധത്തിലുള്ള സമഗ്രമായ ഒരു മാനവ വികസന പരിപാടിയായി തുടര്‍ വിദ്യാഭാസ പരിപാടിയെ വളര്‍ത്തിയെടുക്കാന്‍ കഴിയണം. ഓരോ പ്രാദേശിക ഭരണ പ്രദേശത്തെയും മനുഷ്യ വിഭവ ആസൂത്രണം നടത്തി സമ്പൂര്‍ണ്ണ മനുഷ്യ വിഭവശേഷി വികസനത്തിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണം. തൊഴില്‍ പരിശീലനം, തൊഴില്‍ വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വികസനം, കൗശല വികസനം എന്നിവയോടൊപ്പം സാംസ്കാരികവും സാമൂഹികവുമായ പഠനപരിപാടികള്‍ക്കും തുടര്‍ വിദ്യാഭ്യാസത്തിലും സ്ഥാനം പിടിക്കണം. ഇങ്ങനെ മൊത്തം സമൂഹത്തിന്റെ തുടര്‍ച്ചയായ വിദ്യാഭ്യാസമായിരിക്കണം പൊതുലക്ഷ്യം. എന്നാല്‍ സമൂഹത്തിന്റെ പിന്‍ നിരയിലേക്ക് തള്ളപ്പെടുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കുകയും വേണം.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ മുഴുവന്‍ ജില്ലകളിലും നടപ്പിലാക്കിവരുന്ന തുടര്‍വിദ്യാഭ്യാസത്തില്‍ നാലുതരം വ്യത്യസ്ത പരിപാടികളാണുള്ളത്. തുല്യതാ പരിപാടികള്‍. വരുമാനവര്‍ദ്ധന പരിപാടികള്‍, ജീവിത ഗുണമേന്മ വര്‍ദ്ധിപ്പിക്കല്‍, വ്യക്തി താല്പര്യ പരിപോഷണ പരിപാടികള്‍ ഈ നാല് പൊതുലക്ഷ്യത്തില്‍ നിന്നുകൊണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് വായനശാലയും ഗ്രന്ഥാലയവും, ചര്‍ച്ചാവേദികള്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, തൊഴില്‍ പരിശീലനം, കൗശല വികസനം, വരുമാന വര്‍ദ്ധന പരിപാടികള്‍, കലാകായിക വിനോദ വികസന കേന്ദ്രം, സാക്ഷരതാക്ലാസ്, തുല്യതാക്ലാസ് എന്നിവ.
ഔപചാരിക വിദ്യാഭ്യാസത്തിന് തുല്യമാക്കുന്ന 4, 7, 10 ക്ലാസുകളിലുള്ള തുല്യതാ പരിപാടികള്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് ഏറെ സഹായകകരമാകുന്നുണ്ട്. എങ്കിലും എല്ലാവരിലേക്കും ഇത് എത്തേണ്ടിയിരിക്കുകയാണ്. അതുകൊണ്ട് കേരളത്തില്‍ പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്ത മുഴുവന്‍ പേര്‍ക്കും സമ്പൂര്‍ണ്ണ അവസരം ലഭ്യമാക്കാമുള്ള പ്രവര്‍ത്തനങ്ങളുമായി നമുക്ക് മുന്നോട്ടുപോകേണ്ടതുണ്ട്.
പയ്യന്നൂര്‍ നഗരസഭ ഈ രംഗത്ത് ശ്രദ്ധേയമായ ഒരു നേട്ടം കൈവരിച്ചു കഴിഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ തന്നെ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും ഏഴോം, മുണ്ടേരി, മലപ്പട്ടം പഞ്ചായത്തുകളും ഇത്തരം പരിപാടികളുമായി ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഈ സാഹചര്യത്താലാണ് തുടര്‍വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കിരണ്‍ 2007 എന്ന പേരില്‍ സമ്പൂര്‍ണ്ണ നാലാംതരം തുല്യതാ പരിപാടി നടപ്പിലാക്കാനൊരുങ്ങുന്നത്.
പലനിലയിലും മറ്റ് ജില്ലകള്‍ക്ക് മാതൃക കാട്ടിയ കണ്ണൂര്‍ ജില്ലയെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ നാലാംതരം തുല്യതാ നേടിയ ജില്ലയാക്കി മാറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ജില്ലയിലെ എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും ഒരു സംയോജിതപദ്ധതി എന്ന നിലയിലാണ് ഇത് നടപ്പാക്കി വരുന്നത്. ഒരു ജനാധിപത്യ സമൂഹത്തിന്റെ അടിത്തറ അറിവ് നേടിയ ജനതയാണെന്ന പൊതു കാഴ്ചപ്പാടാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളെ ഇത്തരമൊരു സംരംഭത്തിന് പ്രേരിപ്പിക്കുന്നത്.
ഒരു ഏകദിന സര്‍വ്വേയിലൂടെ കണ്ടെത്തി ഗുണഭോക്താക്കളെ കണ്ടെത്തി പ്രാദേശിക ഭരണകൂടങ്ങളുടെ കൂട്ടായ നേതൃത്വത്തില്‍ ജില്ലയില്‍ ഈ പ്രവര്‍ത്തനത്തില്‍ മുന്നേറി കൊണ്ടിരിക്കുകയാണ്. എടുത്ത് പറയാവുന്ന ഒരുപാട് പ്രവര്‍ത്തന മാതൃകകള്‍ ഈ രംഗത്ത് പല പഞ്ചായത്തുകളും സൃഷ്ടിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രതീക്ഷിച്ചതിലേറെ ആവേശാത്മകമായ പ്രതികരണങ്ങളാണ് പല ഭാഗത്ത് നിന്നും ഇതിന് ലഭിക്കുന്നത്. പ്രത്യേകിച്ചും മുസ്ലീം സ്ത്രീകളുടേയും ഹരിജന ഗിരിജന വിഭാഗങ്ങളില്‍ നിന്നും. ആവശ്യമായ പുസ്തകങ്ങള്‍, ബോര്‍ഡ് തുടങ്ങിയ പഠനോപകരണങ്ങള്‍, കാഴ്ചക്കുറവുള്ളവര്‍ക്കുള്ള കണ്ണടകള്‍ ഇവയെല്ലാം ജനകീയ സംഭാവനകളായാണ് കണ്ടെത്തുന്നത്.
പഠിതാക്കളുടെ സംഗമങ്ങള്‍, പഠനയാത്രകള്‍, കലാമേളകള്‍ ഇവയെല്ലാം ജനകീയ കൂട്ടായ്മയുടെ ഭാഗമായി നടക്കുന്നു. ഈ പ്രവര്‍ത്തനത്തിന് ത്യാഗ പൂര്‍ണ്ണമായി നേതൃത്വം നല്‍കുന്ന ഇന്‍സ്ട്രക്ടമാരുടെ പ്രതിഫലമില്ലാത്ത സേവനം മാതൃകാപരമാണ്. കണ്ണൂര്‍ജില്ലയുടെ അനുഭവത്തില്‍ നിന്ന് ആവേശമുള്‍കൊണ്ട് കൊണ്ട്കേരളത്തിലെ മുഴുവന്‍ ജില്ലകളിലേക്കും ഈ പരിപാടി വ്യാപകമാക്കാന്‍ പോവുകയാണ്. പ്രാദേശിക ഭരണകൂടങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ശക്തിപ്പെട്ടുവരുന്ന ഇക്കാലത്ത് വ്യക്തികളെ രൂപപ്പെടുത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട ഒരു സമൂഹത്തെ രൂപപ്പെടുത്തും എന്ന കാര്യത്തില്‍ തര്‍ക്കമില്ല
|
|
|